കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ.ഗോവിന്ദൻ എംഎൽഎ. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാലത്ത് രാഗേഷ് ജനിച്ചിട്ടുപോലുമില്ല.കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയാണ്. രാഗേഷ് പറയുന്ന ആരോപണങ്ങൾക്കെല്ലാം മറുപടി പറയാനറിയാമെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ കൂട്ടുപിടിച്ച് സ്ഥാനമോഹങ്ങൾ നേടിയെടുത്തവരെ എല്ലാവർക്കും അറിയാം. കെ. സുധാകരനെതിരെ മത്സരിച്ച് എത്ര വോട്ടിനാണ് തോറ്റതെന്ന് ചോദിച്ച ഗോവിന്ദൻ തോറ്റ് നിൽക്കുമ്പോഴാണ് രാഗേഷിനെ രാജ്യസഭാ എംപിയാക്കിയതെന്നും തുടർന്ന് പിണറായി വിജയന്റെ സെക്രട്ടറിയാക്കിയതെന്നും പറഞ്ഞു. പാർട്ടിക്ക് വേണ്ടി ഈ മഹാൻ എന്താണ് ചെയ്തത്. ലോക്കൽ സെക്രട്ടറി ആയിട്ടുള്ള അനുഭവം പോലുമില്ല.
സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രവർത്തനരീതിയെയും ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. പാർലമെന്റിൽ സിപിഎം തകർന്നതെങ്ങനെയെന്ന് നേതൃത്വം ചിന്തിക്കുന്നില്ല. എത്ര തവണ തെറ്റുതിരുത്തൽ സമ്മേളനങ്ങൾ ചേർന്നിട്ടും ഒരു തവണ പോലും യഥാർഥ തിരുത്തൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. താഴെത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ നേതൃത്വം കേൾക്കുന്നില്ല.
ഞങ്ങൾ പറയുന്നത് കേട്ടാൽ മതി എന്ന നിലപാടാണ് ഇപ്പോൾ സിപിഎമ്മിനെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ അഹന്തയുടെ ഭാഷയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു. അനധികൃത സ്വത്ത് സമ്പാദനം, അനധികൃത ഫണ്ട് പിരിവ്, ആളുകൾ പാർട്ടിയിൽ നിന്ന് അകന്നുപോകുന്നത് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.